പരവൂര്‍: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മദ്യപിച്ച് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ കര്‍ശനമാക്കി റെയില്‍വേ ബോര്‍ഡ്.
ഇനിമുതല്‍ ട്രെയിനുകളില്‍ മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിന് പുറമെ നിര്‍ബന്ധിത സാമൂഹിക സേവനവും ചെയ്യേണ്ടി വരും. ഇതുസംബന്ധിച്ച റെയില്‍വേ നിയമത്തിലെ (1989) ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ജന്‍ വിശ്വാസ് ഭേദഗതി ആക്ട് -2026റെയില്‍വേ മന്ത്രാലയം പുറത്തിറക്കി.
കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍വരും. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്നാണ് റയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
നിലവില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ആറ് മാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ ആയിരുന്നു ശിക്ഷ. എന്നാല്‍ പുതിയ നിയമപ്രകാരം ലഹരി ഉപയോഗിച്ച വ്യക്തിയെ ട്രെയിനില്‍നിന്ന് ഇറക്കിവിടാന്‍ സാധിക്കും. ഇതിനൊപ്പം 1,000 രൂപ വരെ പിഴയും റെയില്‍വേ പുതുതായി അവതരിപ്പിച്ച സാമൂഹിക സേവന ശിക്ഷയും അനുഭവിക്കേണ്ടി വരും. ശല്യം തുടരുന്നവര്‍ക്കെതിരേ ഇതിലും ഉയര്‍ന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കും.
മദ്യപാനത്തിന് പുറമെ ടിക്കറ്റില്ലാത്ത യാത്ര, സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകകളും റെയില്‍വേ കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്കുകളും പ്രധാന ശിക്ഷാനടപടികളും
ടിക്കറ്റില്ലാത്ത യാത്രയ്ക്ക് യാത്രാക്കൂലിയും അധിക നിരക്കമായി കുറഞ്ഞത് 500 രൂപ ഈടാക്കും. തുക ഒടുക്കാന്‍ വിസമ്മതിച്ചാല്‍ മാത്രമേ ഇനിമുതല്‍ കോടതി നടപടികളിലേക്ക് കടക്കൂ.
യാത്രക്കാരുടെ സുരക്ഷ അപകടപ്പെടുത്തല്‍ വിഭാഗത്തില്‍ ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് യഥാക്രമം 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കും. തുക അടയ്ക്കാത്ത പക്ഷം കോടതിയെ സമീപിക്കും. സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ കയറിയാല്‍ നിലവിലുണ്ടായിരുന്ന 500 രൂപ പിഴ കുത്തനെ കൂട്ടി 2,500 രൂപയാക്കി മാറ്റി. പിഴ അടച്ചില്ലെങ്കില്‍ കോടതി വഴി 5,000 രൂപ വരെ പിഴ ഈടാക്കാം.